ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, October 6, 2025

ആസൂത്രണക്കുറിപ്പ്: 5 മണ്ണിലും മരത്തിലും

 

ക്ലാസ്:1

യൂണിറ്റ്: 5

പാഠത്തിൻ്റെ പേര്: മണ്ണിലും മരത്തിലും

ടീച്ചറുടെ പേര്: അനീസ എച്ച് ,  

മുരുക്കുമൺ യു പി എസ്സ്, നിലമേൽ, ചടയമംഗലം ഉപജില്ല, കൊല്ലം

കുട്ടികളുടെ എണ്ണം: 33

ഹാജരായവർ : .....

തീയതി : ....../2025

പിരീഡ് ഒന്ന്

പ്രവർത്തനം - സംയുക്ത ഡയറിയില്‍ നിന്ന് കൂട്ടെഴുത്ത് കുട്ടിപ്പത്രം

പഠനലക്ഷ്യങ്ങൾ:

  1.  തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.
  2. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങൾ,പദങ്ങൾ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം - 40 മിനുട്ട്

കരുതേണ്ട സാമഗ്രികൾ - വായനപാഠങ്ങൾ, വരയിട്ടപേപ്പര്‍ പകുതി വീതം മുറിച്ചത് പത്രത്തിന്റെ രീതിയില്‍ ഒട്ടിച്ച അരമുറി ചാര്‍ട്ട് പേപ്പര്‍-ഓരോ പഠനക്കൂട്ടത്തിനും.)

പ്രക്രിയാവിശദാംശങ്ങൾ

കൂട്ടെഴുത്ത് പത്രം

അസംബ്ലിയിൽ പ്രകാശനം ചെയ്യാൻ കുട്ടിപത്രം (കൂട്ടെഴുത്ത് ) പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.

അഞ്ച് പേര്‍ വീതമുള്ള ഭിന്നനിലവാര പഠനകൂട്ടങ്ങള്‍ രൂപപ്പെടുത്തുന്നു. നിർദ്ദേശങ്ങൾ നൽകുന്നു.

ഘട്ടം ഒന്ന്

  1. നമ്മള്‍ കുട്ടിപ്പത്രം തയ്യാറാക്കാന്‍ പോവുകയാണ്. ആദ്യമായി പത്രത്തിന് ഓരോ പഠനക്കൂട്ടവും പേരിടണം.

  2. ടീച്ചര്‍ നല്‍കിയ ചാര്‍ട്ടിന്റെ മുകളിലത്തെ കോളത്തില്‍ പേര് വലുതായി എഴുതണം. ആദ്യം പെന്‍സില്‍ വച്ച് എഴുതണം. തെറ്റാതെ എഴുതണം. എന്നിട്ട് സ്കെച്ച് പേന വച്ച് അതിന് മുകളലൂടെ എഴുതണം.

ഘട്ടം രണ്ട്

  1. ഓരോരുത്തരും അവരവരുടെ ഡയറിയില്‍ നിന്നും ഓരോ വിശേഷം തെരഞ്ഞെടുക്കണം

  2. അതിന് ഒരു തലക്കെട്ട് ( പേര് ) ഇടണം

  3. അത് പഠനക്കൂട്ടത്തില്‍ പങ്കിടണം.

  4. ഡയറി വാര്‍ത്തയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ടീച്ചര്‍ കാര്യം ഉദാഹരിക്കുന്നു. ബോര്‍ഡില്‍ എഴുതുന്നു.

  • ഇന്ന് എന്റെ വീട്ടില്‍ ഒരു വലിയപട്ടി വന്നു. ഞാന്‍ അതിനെ കണ്ട് പേടിച്ചു. അത് കുരച്ചു. ഞാന്‍ കരഞ്ഞു. അമ്മ അതിനെ ഓടിച്ചു. ഇതാണ് നീതു എഴുതിയ ഡയറി. അത് വാര്‍ത്തയാക്കുമ്പോള്‍ എന്റെ, ഞാന്‍ എന്നിവ ഒഴിവാക്കി അവിടെ നീതുവിന്റെ പേര് ചേര്‍ക്കണം.

  • ടീച്ചര്‍ ഡയറി വാക്യങ്ങളിലെ ഞാന്‍, എന്റെ എന്നീ വാക്കുകള്‍ക്ക് അടിയില്‍ വരയിട്ട ശേഷം പങ്കാളിത്തത്തോടെ മാറ്റി എഴുതുന്നു ഇന്ന് നീതുവിന്റെ വീട്ടില്‍ ഒരു വലിയപട്ടി വന്നു. നീതു അതിനെ കണ്ട് പേടിച്ചു. അത് കുരച്ചു. നീതു കരഞ്ഞു. നീതുവിന്റെ അമ്മ അതിനെ ഓടിച്ചു.

ഘട്ടം മൂന്ന്

  1. ഓരോരുത്തര്‍ക്കും എഴുതാനുള്ള കോളം തീരുമാനിക്കണം.


  2. ആദ്യം എഴുതുന്നതാര്? അടുത്തതാര് എന്ന ക്രമവും തീരുമാനിക്കണം.

  3. കൂടുതല്‍ വരികള്‍ എഴുതാനുള്ളവര്‍ക്ക് വലിയ കോളം നല്‍കണം.

  4. തെരഞ്ഞെടുത്ത ഡയറിയിലെ കാര്യം നല്‍കിയ പേപ്പറിലെ ഒരു കോളത്തില്‍ ഒരാള്‍ എഴുതണം. എഴുതുന്നത് ശരിയാണോ എന്ന് മറ്റുള്ളവര്‍ പരിശോധിക്കണം. വാര്‍ത്തയുടെ രീതി, അക്ഷരങ്ങളും ചിഹ്നങ്ങളും ശരിയായി ഉപയോഗിക്കല്‍. സഹായിക്കണം. കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്ക് സഹായം കിട്ടുന്നുവെന്ന് ഉറപ്പാക്കണം. ടീച്ചറും സഹായിക്കണം.

  5. ഡയറിയിലെ വിശേഷത്തിന്റെ തലക്കെട്ട് വലുതായി എഴുതിയ ശേഷമാണ് വിശേഷം കുറിക്കേണ്ടത്.

  6. എഴുതിക്കഴിഞ്ഞ് സ്ഥലം ഉണ്ടെങ്കില്‍ അതിന്റെ ചിത്രം വരയ്കാം.

  7. ആദ്യത്തെ ആള്‍ എഴുതിക്കഴിഞ്ഞാല്‍ അടുത്തയാള്‍ അടുത്ത കോളത്തില്‍ എഴുതണം.

  8. എല്ലാവരും എഴുതിയ ശേഷം ഗ്രൂപ്പ് ലീഡര്‍ ടീച്ചറെ പത്രം കാണിക്കണം.

ഘട്ടം മൂന്ന്


  1. പത്രപ്രകാശനം- ഓരോ പഠനക്കൂട്ടവും വന്ന് തയ്യാറാക്കിയ പത്രം പരിചയപ്പെടുത്തുന്നു. പത്രത്തിന്റെ പേരും വാര്‍ത്തകളുടെ തലക്കെട്ടും വായിച്ചാല്‍ മതി. ഓരോ പഠനക്കൂട്ടവും പത്രവുമായി നില്‍ക്കുന്നതിന്റെ ഫോട്ടോ എടുത്ത് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടുന്നു.

  2. അസംബ്ലിയില്‍ കൂട്ടെഴുത്ത് പത്രം പ്രകാശിപ്പിക്കുന്നതിന് ചമുതലപ്പെടുത്തുന്നു.

  3. കൂട്ടെഴുത്ത് കുട്ടിപ്പപത്രങ്ങള്‍ ക്ലാസില്‍ പ്രദര്‍ശിപ്പിക്കുന്നു. ഓരോ ആഴ്ചയിലും ഓരോ കൂട്ടെഴുത്ത് കുട്ടിപ്പത്രം തയ്യാറാക്കാന്‍ തീരുമാനിക്കുന്നു.

    പ്രതീക്ഷിത പ്രശ്നങ്ങള്‍

  • ഡയറിയിൽ നിന്ന് കുറിപ്പുകൾ തിരഞ്ഞെടുക്കാനും സഹായം വേണ്ടി വരാം. ഇഷ്ടപ്പെട്ട ഏതെങ്കിലും ഡയറി ( കുറച്ച് വരികളുള്ളത് ) തെരഞ്ഞെടുക്കാന്‍ പറയണം.
  • തലക്കെട്ട് എഴുതുന്നതില് സഹായം വേണ്ടി വരാം. എന്തിനെക്കുറിച്ചാണ് ഡയറി എഴുതിയത് അക്കാര്യം തലക്കെട്ടാക്കിയാല്‍ മതി എന്ന് പറയണം. പൂച്ച ചത്തു, കാക്ക വന്നു. ബീച്ചില്‍ പോയി എന്നിങ്ങനെ ഡയറി വായിച്ച് ഉദാഹരിക്കാം.
  • ഞാൻ എന്നിടത്ത് പേര് ചേർക്കുന്ന കാര്യം പലർക്കും പറ്റിയെന്നു വരില്ല. അതിനാ‍ല്‍ ഡയറിയില്‍ ഞാന്‍, എന്റെ എന്നീ വാക്കുകളുടെ അടിയില്‍ വരയിട്ട ശേഷം മതി വാർത്തതയാക്കൽ. വാര്‍ത്തയാക്കുമ്പോള്‍ മറ്റൊരാള്‍ പറയുന്ന രീതിയില്‍ പേര് ചേര്‍ത്ത് എഴുതാന്‍ സഹായിക്കണം.
  • വരയില്ലാതെ എഴുതിയാല്‍ അക്ഷരങ്ങൾ പല രീതിയിൽ വരിയും നിരയും ഇല്ലാതെ പോകും. പരിഹാരമായി വരയുള്ള പേപ്പർ തന്നെ നൽകണം.
  • എല്ലാവരും വരക്കില്ല. വരയ്ക്കാൻ കഴിവുള്ളവർ ചിത്രം വരച്ചു ചേർത്താല്‍ മതി.
  • ഡയറികൾ വായിക്കാൻ എല്ലാവരും താല്പര്യം കാണിക്കും എഴുത്തില്‍ പിന്തുണയില്ലെങ്കില്‍ ചിലര്‍ എഴുതില്ല. വീട്ടിൽ അമ്മമാർ പിന്തുണ നൽകുന്ന പോലെ പഠന കൂട്ടത്തിലുള്ളവർ സഹായിക്കണം.
  • ഓരോ ഗ്രൂപ്പിലും എല്ലാവരും എഴുതാന്‍ സമയം ഏറെ വേണ്ടിവരും. ഒന്നോ രണ്ടോ പേര്‍ ആദ്യസംരംഭം എന്ന രീതിയില്‍ എഴുതിയാല്‍ മതി.
  • കുറച്ച് പേർക്ക് സമയം കൂടുതല്‍ ആവശ്യമായി വരും. ഒഴിവുസമയത്ത് അവര്‍ പൂര്‍ത്തിയാക്കട്ടെ. അല്ലെങ്കില്‍ അടുത്ത ദിവസം പത്രം പ്രകാശിപ്പിക്കാം. വീട്ടില്‍ വച്ച് എഴുതി വരട്ടെ. വരയിട്ട കടലാസ് നല്‍കിയാല്‍ മതി.
  • ഓരോ പഠനക്കൂട്ടവും ഓരോ വാര്‍ത്ത തയ്യാറാക്കി ഒരു പത്രം തുടക്കത്തില്‍ പൂര്‍ത്തിയാക്കുന്ന രീതിയും ആലോചിക്കാം.

പിരീഡ് രണ്ട്, മൂന്ന്

പ്രവർത്തനം: തനിയെ പൂരിപ്പിക്കാമോ (എഴുത്തനുഭവം കുഞ്ഞെഴുത്ത് പേജ് 36)

പഠന ലക്ഷ്യങ്ങൾ

  1. അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന ,ആലേഖന ക്രമം) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു

  2. പരിചിത അക്ഷരങ്ങൾ ഉള്ള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.

  3. ക്ലാസില്‍ രൂപീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒറ്റയ്കും കൂട്ടായും രചനകള്‍ വിശകലനം ചെയ്ത് രചനകളിലെ തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നു.

സമയം: 60 മിനിറ്റ്

ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങള്‍: ണ്ണ, യ്യ

പ്രക്രിയാ വിശദാംശങ്ങൾ

ഘട്ടം ഒന്ന്

കൂട്ടിലിരുന്ന് കരയുന്ന കുഞ്ഞിക്കിളിയെ കണ്ട് രക്ഷിക്കാനായി കൊമ്പിൽ നിന്ന് അണ്ണാന്‍ ചാടിയപ്പോള്‍എന്തു സംഭവിച്ചിരിക്കും? (പ്രതികരണം)

എല്ലാവരും പ്രവർത്തന പുസ്തകത്തിലെ പേജ് നമ്പർ 36 എടുത്ത് ചിത്രം നോക്കുന്നു.

ചിത്രത്തിൽ എന്തെല്ലാം ?

അണ്ണാനും കുഞ്ഞിക്കിളിക്കും കൂടിനും എന്താണ് സംഭവിച്ചത്? കുട്ടികളുടെ പ്രതികരണം ഉറക്കെ പറയാതെ ഓരോ കുട്ടിയും ചിത്രം സൂഷ്മമായി നിരീക്ഷിക്കുന്നു.

കുട്ടികളെ പൂരിപ്പിച്ചെഴുത്തിലേയ്ക്ക് നയിക്കാൻ ആവശ്യമായ ചോദ്യങ്ങൾ ടീച്ചർ ചോദിക്കുന്നു.

  • ചില്ലയിലേക്ക് ചാടിയ അണ്ണാന് എന്താണ് സംഭവിച്ചത്?

  • അണ്ണാന്‍ താഴെ വീണു

  • എവിടെയാണ് വീണത് ?

  • താഴെ മണ്ണില്‍ വീണു

  • ചില്ലയില്‍ ചാടിയപ്പോള്‍ ചില്ലയിളകിയില്ലേ? അപ്പോള്‍ കുഞ്ഞിക്കളി മാത്രമാണോ വീണത്? കൂടിനെന്തായിരിക്കും സംഭവിച്ചത്?

  • കുഞ്ഞിക്കളിയും കൂടും നിലത്ത് വീണു.

  • കുഞ്ഞിക്കളി വീണപ്പോള്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?

  • അയ്യോ

  • കുഞ്ഞിക്കളി വീണപ്പോള്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?

  • അയ്യോ

ഘട്ടം രണ്ട്

തനിച്ചെഴുത്ത്

  • എല്ലാ ഉത്തരങ്ങളും വന്ന ശേഷം പ്രവര്‍ത്തനപുസ്തകത്തില്‍ ഓരോ വരിയായി എഴുതണം.

  • ടീച്ചര്‍ കുട്ടികളെക്കൊണ്ട് പറയിച്ചോ പറഞ്ഞുകൊടുത്തോ എഴുതിക്കാം.

  • അയ്യോ എന്ന് കുഞ്ഞിക്കിളിയും അണ്ണാനും പറയുന്നത് അവസാനം എഴുതിച്ചാല്‍ മതി. അപ്പോള്‍ ടീച്ചര്‍ യ്യ പരിചയപ്പെടുത്തണം.

  • വാക്യം സാവധാനം പറയണം. ഈ സമയം പിന്തുണനടത്തം അനിവാര്യം. (ണ്ണ, യ്യ എന്നിവയുടെ ഘടന വിലയിരുത്തണം)

  • ഓരോ വാക്യവും പൂര്‍ത്തിയായാല്‍ ടീച്ചര്‍ സന്നദ്ധതയുള്ള കുട്ടിയെക്കൊണ്ട് ബോര്‍ഡില്‍ അത് എഴുതിക്കണം.

  • എല്ലാ വാക്യങ്ങളും എഴുതിക്കഴിഞ്ഞാല്‍ എല്ലാ കുട്ടികള്‍ക്കും ഓരോ വാക്യത്തിനും ശരിയടയാളം നല്‍കണം.

ടീച്ചറെഴുത്ത്

  • ടീച്ചര്‍ ബോര്‍‍ഡില്‍ പൂരിപ്പിച്ചെഴുതണം. കുട്ടികള്‍ അതുമായി പൊരുത്തപ്പെടുത്തണം. മെച്ചപ്പെടുത്തണം. മട്ടപ്പെടുത്തിയവര്‍ക്കും ശരി അടയാളം.

പാഠപുസ്തകവുമായി ഒത്തുനോക്കല്‍

പാഠപുസ്തകത്തിലും ഈ രംഗം ഉണ്ട്. ഒത്ത് നോക്കാം. പാഠപുസ്തകം പേജ് നമ്പർ 38

കുട്ടികൾ ചിത്രം നിരീക്ഷിക്കുന്നു ചിത്രത്തിൽ എന്തെല്ലാം എന്ന് കണ്ടെത്തി പറയുന്നു.

കുട്ടികളുടെ സൂക്ഷ്മനിരീക്ഷണപാടവത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്

  • അണ്ണാനും കുഞ്ഞിക്കിളിയും തമ്മിലുള്ള അകലം ശ്രദ്ധിച്ചവരെത്രപേര്‍?

  • മരത്തിന്റെ ഉയരം വ്യത്യാസപ്പെട്ടത് ശ്രദ്ധിച്ചവരെത്രപേര്‍?

  • പുതിയ ഒരു മരം ഉള്ളത് ശ്രദ്ധിച്ചവരെത്രപേര്‍?

വായനപ്രക്രിയ

പാഠപുസ്തകം പേജ് നമ്പർ 38 ഓരോ കുട്ടിയും വായിക്കുന്നു.

പാഠഭാഗത്തെ ഒന്നാമത്തെ വരി ആർക്ക് വായിക്കാനാവും ? ഓരോ പഠനക്കൂട്ടത്തില്‍ നിന്നും ഓരോ വരി വീതം കുട്ടികൾ വായിക്കുന്നു. ടീച്ചർ അത് ബോർഡിൽ എഴുതുന്നു

അണ്ണാൻ ചില്ലയിലേക്ക് എടുത്തു ചാടി

ചില്ലയിളകി

കൂടിളകി

കൂ‍ട് താഴേക്ക് വീണു

കുഞ്ഞിക്കിളിയും താഴേക്ക് വീണു

കണ്ടെത്തല്‍ വായന (വാക്യതലം)

  • ഞാൻ ചൂണ്ടാം നിങ്ങൾക്ക് വായിക്കാമോ ? (ടീച്ചർ സാവധാനം വരികളിലൂടെ പോയിന്റർ ചലിപ്പിക്കുന്നു കുട്ടികൾ വായിക്കുന്നു)

  • ടീച്ചർ ഇഷ്ടമുള്ള ഒരു വാക്യം വായിക്കുന്നു കുട്ടികൾ അത് ഏത് വരിയിലാണെന്ന് കണ്ടെത്തുന്നു.

  • വരികളെ അതുമായി ആശയപ്പൊരുത്തമുള്ള ചിത്രവുമായി വരച്ച് യോജിപ്പിക്കാമോ?

കണ്ടെത്തൽ വായന ( വാക്ക്)

  • അണ്ണാൻ എന്ന വാക്ക് ഏതെല്ലാം വരികളിലുണ്ട്? എത്ര തവണയുണ്ട്?

  • രണ്ട് വരികളിൽ അവസാനം ആവർത്തിച്ചു വരുന്ന വാക്ക് ഏതാണ് ?

  • ഞ്ഞ, ണ്ണ, യ്യ എന്നീ അക്ഷരങ്ങൾക്ക് പിൻതുണ വേണ്ട ധ്യാൻ, ദേവനന്ദ, ക്ഷേത്ര എന്നിവർക്ക് അവ ഉൾപ്പെടുന്ന വാക്കുകൾ തൊട്ട് കാണിക്കാനും വട്ടം വരയ്ക്കാനും അവസരം നൽകുന്നു.

കണ്ടെത്തൽ വായന ( അക്ഷരം)

  • ണ്ണ, ണ എന്നീ അക്ഷരങ്ങൾ എത്ര തവണ ആവർത്തിക്കുന്നു ?

  • ഞ്ഞ ഏത് വാക്കിലാണ്?

  • അക്ഷരബോധ്യച്ചാര്‍ട്ട് വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പിന്തുണ വേണ്ടവര്‍ നിര്‍ദിഷ്ടാക്ഷരങ്ള്‍ കണ്ടെത്തുന്നു.

ചങ്ങല വായന

  • പാഠപ്പുസ്തകം പേജ് നമ്പർ 38, പ്രവര്‍ത്തനപുസ്തകം പേജ് 36 എന്നിവ ഓരോ പഠനക്കൂട്ടവും ചങ്ഹല വായനാരിതിയില്‍ അവതരിപ്പിക്കുന്നു

ഭാവാത്മക വായന

  • ഓരോ പഠനക്കൂട്ടവും റിഹേഴ്സല്‍ ചെയ്ത ശേഷം ഭാവാത്മകമായി പാഠപ്പുസ്തകം പേജ് നമ്പർ 38, പ്രവര്‍ത്തനപുസ്തകം പേജ് 36 എന്നിവ വായിക്കുന്നു.

എഡിറ്റിംഗ്

  • കൂട്ടബോര്‍ഡെഴുത്ത്, ക്ലാസില്‍ രൂപീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒറ്റയ്കും കൂട്ടായും രചനകള്‍ വിശകലനം ചെയ്ത് രചനകളിലെ തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തല്‍.

വിലയിരുത്തൽ

  • വർക്ക് ബുക്കിൽ സ്വന്തമായി എഴുതിയതും ടെക്സ്റ്റ് ബുക്കിലെ ഭാഗവും പൊരുത്തപ്പെടുമ്പോൾ ആർക്കെല്ലാം കൃത്യമായ ആശയം ഉൾക്കൊള്ളാൻ സാധിച്ചു

  • മുൻ ഭാഗങ്ങളിൽ പഠിച്ചതും എഴുതിയതുമായ അക്ഷരങ്ങൾ ചേർത്ത് എഴുതാനും വായിക്കാനും എത്രപേർക്ക് കഴിയുന്നുണ്ട്

  • വായനയിൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഇപ്പോൾ കുട്ടികൾ നേരിടുന്നത്? ഇതിനെ എങ്ങനെ മറികടക്കാം?

പിരീഡ് നാല്

പ്രവർത്തനം : ദൂരത്തിൽ ചാടാം ( കായികാനുഭവം)

പഠന ലക്ഷ്യങ്ങൾ

  • വ്യത്യസ്തങ്ങളായ കളികളിൽ ഏർപ്പെടുന്നതിലൂടെ ശാരീരികശേഷികൾ വികസിപ്പിക്കുന്നതിന്

സാമഗ്രികൾ: മീറ്റർ സ്കെയിൽ

സമയം: 15 മിനിറ്റ്

പ്രക്രിയാ വിശദാംശങ്ങൾ

(ക്ലാസിൽ നിന്നോ ക്ലാസിന് പുറത്തു നിന്നോ കളിക്കാവുന്നതാണ്)

  • ടീച്ചർ ഒരു ഭാഗത്ത് ഒരു വട്ടം വരയ്ക്കുന്നു. വട്ടത്തെ ചില്ലയായും ഓരോ കുട്ടിയെയും അണ്ണാനുമായും സങ്കല്പിക്കാൻ പറയുന്നു.

  • ടീച്ചർ വരച്ച വട്ടത്തിന് മുന്നിൽ ഒരു നിശ്ചിത അകലത്തിൽ മറ്റൊരു വട്ടം വരച്ച് അതിലൊരു കൂടും കൂട്ടിൽ കുഞ്ഞിക്കിളിയും (പേപ്പർ കൊണ്ട് ഉണ്ടാക്കിയത്) വെക്കുന്നു.

  • ഓരോ കുട്ടിയും വന്ന് കൂട്ടിൽ നിന്ന് കുഞ്ഞിക്കിളിയുടെ അടുത്തേയ്ക്ക് ചാടണം. (Standing broad jump)

  • കുട്ടികൾ രണ്ട് കാലുകളും ഒരുമിച്ച് വെച്ച് ചാടാൻ നിർദ്ദേശിക്കുന്നു.

വിലയിരുത്തൽ

  • കൃത്യമായി ചാടിയവർ എത്ര പേർ ?

  • കുട്ടികളിലെ കായികക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ക്ലാസിൽ ചെയ്യാറുണ്ടോ?

  • കുട്ടികളിലെ ശാരീരിക കായികക്ഷമത വർദ്ധിപ്പിക്കാനുള്ള എന്തെല്ലാം പ്രവർത്തനങ്ങൾ ക്ലാസ് മുറിയിൽ ചെയ്യാൻ കഴിയും .

ഡയറി വായന



കഥാപുസ്തകാവതരണം


തുടർപ്രവർത്തനം

വായനക്കാർഡുകൾ

അയ്യോ അയ്യേ വീണല്ലോ….



.



Saturday, October 4, 2025

ശ്യാമടീച്ചറുടെ ഒന്നാം ക്ലാസില്‍ സന്തോഷവും അഭിമാനവും -അഭിമുഖം

സൈജ എസ്ശ്യാമടീച്ചര്‍, ഒന്നഴക് അക്കാദമിക കൂട്ടായ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ടീച്ചറുമായി


സംസാരിക്കുന്നത്
. ഒന്നാം ക്ലാസ്സിൽ മുഴുവൻ കുട്ടികളും ലഘുവാക്യങ്ങൾ വായിക്കുന്നു, എഴുതുന്നു, ലഘുബാല സാഹിത്യകൃതികൾ വായിക്കുന്നു എന്നത് ഭാഷയുടെ ഏറ്റവും ഉയർന്ന പഠനലക്ഷ്യമാണ് എന്നിരിക്കെ രണ്ടാം ടേം തീരും മുമ്പെ തന്നെ “എൻ്റെ ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും മലയാളം എഴുതാനും വായിക്കാനും കഴിയും” എന്ന് പ്രഖ്യാപിച്ച ശ്യാമടീച്ചറിന് ഹൃദയാഭിനന്ദനങ്ങൾ. ഈയൊരു വലിയ നേട്ടത്തെ ശ്യാമ ടീച്ചർ എങ്ങനെ നോക്കിക്കാണുന്നു?

ശ്യാമ. ആർഒന്നാംക്ലാസിൽ നടത്തിവരുന്ന ഇപ്പോഴത്തെ വിവിധ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രയാസമില്ലാതെ കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കുന്നുണ്ട്. സംയുക്തഡയറി എഴുത്തിലൂടെ സ്വന്തമായി കുട്ടികൾ എഴുതി തുടങ്ങി. ഉത്തർപ്രദേശിൽ നിന്നെത്തിയ ഒരു മകനടക്കം എൻ്റെ എല്ലാ കുട്ടികളും വായിക്കും എഴുതും. അത് പൊതുവിദ്യാലയത്തിലെ അധ്യാപിക എന്ന നിലയിൽ അഭിമാനകരമായ നേട്ടമായിത്തന്നെ കാണുന്നു.

 സൈജ എസ്ഉത്തരപ്രദേശില്‍ നിന്നുള്ള കുട്ടിക്ക് മലയാളം അറിയില്ലല്ലോ? ടീച്ചര്‍ എങ്ങനെയാണ് ആ കുട്ടിയെ ഒപ്പം കൂട്ടിയത്?

 ശ്യാമ. ആർആ കുട്ടിയുടെ വീട്ടിൽ ആർക്കും മലയാളം എഴുതാൻ അറിയില്ല. ഉത്തർപ്രദേശുകാരനായ സത്യാപട്ടേലിന് ടീച്ചറായ ഞാനും കുട്ടിയും കൂടെ ആയിരുന്നു ആദ്യo ഡയറി എഴുതി തുടങ്ങിയത്. ഇപ്പോൾ സ്വന്തമായി വീട്ടിൽ നിന്ന് എഴുതി വരും. ആ കുട്ടിയുടെ രക്ഷിതാവിന്റെ പ്രതികരണം വാട്സാപ്പിലുണ്ട്.

 സൈജ എസ്: വായിക്കൂ, ടീച്ചറേ

ശ്യാമ. ആർ: വായിക്കാം.

हम सत्य के पापा हैं. हम उत्तर प्रदेश के रहने वाले हैं. सत्य यहां के मलयालम अच्छा बोलता है और लिखना भी अच्छा है. स्कूल में टीचर लोग अच्छे से पढ़ते हैं सत्य पढ़ने में भी अच्छा है हम लोगों को मलयालम पढ़ना नहीं आता लिखना भी नहीं आता है लेकिन सत्य अच्छे लिखता है और पढ़ना भी है हमारे बेटे की अच्छी पढ़ाई है

സൈജ എസ്ആഹാ, മനോഹരമായ അംഗീകാരം.

 ശ്യാമ. ആർമറ്റ രക്ഷിതാക്കളുടെ കുറിപ്പുമുണ്ട്. 

സൈജ എസ്അത് പിന്നെ വായിക്കാം. ഈ നേട്ടത്തിലെക്കെത്താൻ ടീച്ചറിന് അനുകൂലമായി വന്ന ഘടകങ്ങളെപ്പറ്റി പറയാമോ?

 ശ്യാമ. ആർഅത് തീർച്ചയായും ഹാൻ്റ് ബുക്കും ഒന്നഴക് അക്കാദമിക കൂട്ടായ്മയിലൂടെ ലഭിക്കുന്ന ടീച്ചിങ് മാന്വലും കൃത്യമായി പിന്തുടർന്നതിൻ്റെ ഫലമാണ്. എല്ലാ ദിവസവും എല്ലാ കുട്ടികളും സംയുക്ത ഡയറി എഴുതുന്നുണ്ട്. ഉത്തർ പ്രദേശിൽ നിന്നെത്തിയ മോനെ ഞാൻ സ്കൂൾ വാഹനം ഫസ്റ്റ് ട്രിപ്പ് പോയ ശേഷം ക്ലാസ്സിലിരുത്തിയാണ് ഡയറി എഴുതിക്കാറ്. രക്ഷിതാക്കളുടെ പിന്തുണയും കൃത്യമായി ലഭ്യമാകുന്നുണ്ട്. രക്ഷിതാക്കളുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ട്.

 സൈജ എസ്പാഠപുസ്തകത്തിനും ഹാൻ്റ്ബുക്കിനുമപ്പുറം മറ്റേതെങ്കിലും പ്രവർത്തനങ്ങൾ ഇത്തരമൊരു മികവിനെ സഹായിച്ചിട്ടുണ്ടോ?

ശ്യാമ. ആർനമ്മുടെ ഹാൻ്റ്ബുക്കിൽ തന്നെ പറയുന്ന കഥോത്സവം ജൂണിൽത്തനെ ആരംഭിച്ചിരുന്നു. എല്ലാ വെള്ളിയാഴ്ചയും ലഘു ബാലസാഹിത്യകൃതികൾ കൊടുത്ത് വിടുന്നുണ്ട്. ആദ്യഘട്ടത്തിൽ മുതിർന്നവർ വായിച്ചു കൊടുക്കുന്ന വീഡിയോയും ആഡിയോയും ഇപ്പോൾ കുട്ടികൾ ഒറ്റയ്ക്ക് വായിക്കുന്ന വീഡിയോയും ക്ലാസ്സ് ഗ്രൂപ്പിൽ പങ്കിടാറുണ്ട്.

 സൈജ എസ്കുട്ടികളുടെ നിരന്തരവിലയിരുത്തലും പഠനപുരോഗതിയും ഏത് രീതിയിൽ ക്ലാസില്‍ സ്വാധീനിക്കപ്പെട്ടു. 

ശ്യാമ. ആർകുട്ടികളുടെ അക്ഷര ബോധ്യച്ചാർട്ട് ആദ്യഘട്ടത്തിൽ നോട്ട്ബുക്കിൽ ഓരോ കുട്ടിക്കും തയ്യാറാക്കിയിരുന്നു. പിന്നീട് ഒന്നഴകിലൂടെ പ്രിൻ്റ് ഫോർമാറ്റ് കിട്ടിയപ്പോൾ എല്ലാ കുട്ടികൾക്കും പ്രിൻ്റെടുത്ത് തയ്യാറാക്കിയിട്ടുണ്ട്. അക്ഷരബോധ്യച്ചാര്‍ട്ട് ഇതാ, നോക്കൂ

സൈജ എസ്ഗംഭീരം, എല്ലാ കുട്ടികളും നിശ്ചിതാക്ഷരങ്ങള്‍ സ്വായത്തമാക്കിയിരിക്കുന്നു. പഠനവേഗത കുറഞ്ഞ കുട്ടികള്‍ അത് വൈകിയാണെങ്കിലും നേടുന്നുമുണ്ട്. ക്ലാസ്സിൽ സ്ഥിരഹാജറില്ലാത്ത ഒരു കുട്ടിയുണ്ടല്ലോ? അക്ഷരബോധ്യച്ചാര്‍ട്ടില്‍ അങ്ങനെ കാണുന്ന. ആ കുട്ടിയും വൈകിയാണെങ്കിലും അക്ഷരം സ്വായത്തമാക്കിയിട്ടുണ്ട്. എങ്ങനെയാണ് പിന്തുണയ്ക്കുന്നത്?

ശ്യാമ. ആർ:   ഒരു കുട്ടിയുണ്ട്. എപ്പോഴും അസുഖങ്ങളാണ് രക്ഷിതാവ് കാരണമായി പറയുക.. ഹെൽത്ത് ഡിപ്പാർട്ട്മെൻ്റുമായി ഞാൻ ബന്ധപ്പെടുകയും രക്ഷിതാവിന് ബോധവൽക്കരണ ക്ലാസ് കൊടുക്കുകയും ചെയ്തു.

 സൈജ എസ്വായന പരിശീലിച്ച് വന്ന കുട്ടികൾ ക്ലാസ്സിലുണ്ടോ? അവരുടെ കാര്യം പറയാമോ?

 ശ്യാമ. ആർവായന പരിശീലിച്ചു എന്ന് പറയാനാവില്ല. കുറച്ചക്ഷരങ്ങൾ കണ്ടാലറിയുന്ന കുട്ടികൾ ഉണ്ടായിരുന്നു. ഒരക്ഷരം പോലും തിരിച്ചറിയാതെ വന്ന മറ്റ് കുട്ടികളും ഇപ്പോൾ നന്നായി വായിക്കുന്നുണ്ട്.

 സൈജ എസ്:  ശ്യാമ ടീച്ചറിനെ കഴിഞ്ഞ വർഷം ഒന്നഴക് നടത്തിയ മികവഴക് പരിപാടിയിലൊന്നും കണ്ടിട്ടില്ലല്ലോ. അങ്ങനെയൊന്ന് അറിഞ്ഞില്ലായിരുന്നോ?! 

ശ്യാമ. ആർഅറിഞ്ഞിരുന്നു. സൈജടീച്ചറിനോട് സംസാരിക്കാൻ മെസഞ്ചറിൽ മെസേജ് ഇട്ടിരുന്നു. ടീച്ചർ പക്ഷെ കണ്ടിട്ടില്ല. എന്നാൽ ടീച്ചർ എൻ്റെ ഒരു fb പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. അത് രണ്ട് വർഷം മുമ്പ് വിദ്യാഭ്യാസവകുപ്പ് ഇറക്കിയ ഒന്നാം ക്ലാസ് ഒന്നാന്തരം എന്ന പുസ്തകത്തിൽ എൻ്റെ ക്ലാസ്സിനെ കുറിച്ച് പരമാർശം ഉള്ളത്. ഡയറ്റിലെ ഒരു ട്രെയിനിങ്ങിൽ ഞാൻ ആദ്യമായി അറിയുന്ന അഭിമാനനിമിഷത്തിൻ്റെ വീഡിയോ ആയിരുന്നു പങ്കിട്ടത്. കലാധരൻമാഷിനോട് സംസാരിക്കാനും ഒത്തിരി ആഗ്രഹിച്ചിരുന്നു. ഞാൻ രതീഷ് സംഗമത്തിനോടൊക്കെ പറഞ്ഞിരുന്നു. ഇപ്പൊ എന്തായാലും ഒന്നഴകിൻ്റെ ടീച്ചിങ് മാന്വൽ നിർമ്മാണവുമായി ബന്ധപ്പെട്ട് മാഷിനോട് വാട്സ് ആപിൽ സംസാരിക്കാൻ കഴിഞ്ഞു. ഒത്തിരി സന്തോഷം.

 സൈജ എസ്: കരുനാഗപ്പള്ളി ഉപജില്ലയിലെ മറ്റ് വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിലെ അവസ്ഥ എന്താണ്? ഒരു റിസോഴ്സ് പേഴ്സണ്‍ എന്ന നിലയില്‍ ശ്യാമടീച്ചറുടെ വിലയിരുത്തല്‍?

 ശ്യാമ. ആർഇവിടെ എണ്‍പതോളം അധ്യാപകര്‍ ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്നുണ്ട്. ഞങ്ങളുടെതായ വാട്സാപ്പ് കൂട്ടായ്മയുണ്ട്. പരസ്പരം സംശയങ്ങള്‍ ചോദിച്ചും വ്യക്തത വരുത്തിയുമാണ് മുന്നോട്ട് പോകുന്നത്. വേറിട്ട പ്രവര്‍ത്തനങ്ങളും പങ്കിടും. ഒന്നാം ക്ലാസ് മികച്ച നിലയില്‍ പോകുന്നുവെന്നാണ് ആ കൂട്ടായ്മയില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

സൈജ എസ്ഒന്നാം ക്ലാസിലെ പുതിയ പുസ്തകം വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ടീച്ചര്‍ക്ക് എന്താണ് ഒന്നഴക് അക്കാദമിക കൂട്ടായ്മയിലെ സുഹൃത്തുക്കളോട് പറയാനുള്ളത്?

ശ്യാമ. ആർ:

സർക്കാർ സ്ക്കൂളുകളിൽ കുട്ടികളുടെ പഠന നിലവാരം വേണ്ടത്ര ഇല്ല എന്ന തെറ്റായ ധാരണകൾക്കിടയിൽ നിന്ന് യാഥാർത്ഥ്യം മറ്റൊന്നാണ് എന്ന് എന്റെ ക്ലാസിലെ ഫലം ബോധ്യപ്പെടുത്തുന്നു. ഞങ്ങൾ അധ്യാപകർ ഇക്കാര്യത്തിൽ ഉത്തരവാദിത്വം നീതിയോടെ നടപ്പാക്കുന്നു എന്നതും കാണാതിരിക്കാൻ കഴിയില്ല. ഒന്നാം ക്ലാസിൻ്റെ അധ്യാപിക എന്ന നിലയിൽ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ മുന്നേറ്റത്തെ കാണുന്നത്. ഏവരുടെയും സ്നേഹസഹകരണവും ഇക്കാര്യത്തിൽ ഞങ്ങൾക്ക് പ്രചോദനം ഏകിയിട്ടുണ്ട്. കൂടുതൽ ജാഗ്രത്തായ പ്രവർത്തനം ഇനിയും നടത്തുമെന്ന് കൂടി ഒന്നഴക് ടീമിനെ അറിയിക്കുന്നു

സൈജ എസ്:

രക്ഷിതാക്കളുടെ പ്രതികരണങ്ങള്‍ വാട്സാപ്പിലുണ്ടെന്നല്ലേ പറഞ്ഞത്? ഇനി അത് വായിക്കാം അല്ലേ?

ശ്യാമ. ആർ:  ടീച്ചറേ അതെല്ലാം ഞാന്‍ ഫോര്‍വേഡ് ചെയ്യാം. പോരെ?

സൈജ എസ്:  മതി. അപ്പോൾ ശ്യാമടീച്ചറിൻ്റെ ക്ലാസ്സ് മുറിയിലെ കൂടുതൽ വിപ്ലവാനുഭവങ്ങളുമായി നമുക്ക് അടുത്ത മികവഴകിൽ കാണാം. ആശംസകള്‍

അനുബന്ധം

അക്ഷരബോധ്യച്ചാര്‍ട്ടുകളും രക്ഷിതാക്കളുടെ കുറിപ്പുകളും 




 

രക്ഷിതാക്കളുടെ കുറിപ്പുകള്‍

1. നന്നായി വായിക്കാനും എഴുതാനും പഠിച്ചു.

ശിവയുടെഅമ്മ: L K. G, U. K. G ക്ലാസ്സുകളിൽ എന്റെ മകൻ വളരെ സൈലന്റ് ആയിട്ട് ഉള്ള ഒരു കുട്ടി ആയിരുന്നു. കൂട്ടുകാരുമായി കളിക്കാൻ ഒക്കെ വളരെ ബുദ്ധിമുട്ട് ആയിരുന്നു. ഒന്നാം ക്ലാസ്സിൽ ആയപ്പോൾ അവനു നല്ല മാറ്റം ഉണ്ട്. മിടുക്കൻ ആയിട്ട് പഠിക്കുന്നുണ്ട്. അക്ഷരങ്ങൾ ഒക്കെ നന്നായി വായിക്കാനും എഴുതാനും പഠിച്ചു. നന്നായി സംസാരിക്കും. പാട്ട് പാടും നല്ല ആക്റ്റീവ് ആയിട്ടുണ്ട്.

2. ടീച്ചറിൻ്റെ പോസിറ്റീവ് അപ്രോച്ച് എൻ്റെ മകൻ്റെ mind ഹാപ്പി ആക്കുന്നു

DhyanRaj ൻ്റെ അമ്മ: എൻ്റെ മകൻ്റെ അക്ഷരങ്ങൾ കൂട്ടി ചേർത്തു എഴുതാനും വായിക്കാനും ഉള്ള പുരോഗതിയിൽ വളരെ സന്തോഷം ഉണ്ട്. സംയുക്ത ഡയറി എഴുതുന്നത് ഒരു നല്ല കാര്യമാണ്. കുഞ്ഞുങ്ങൾക്ക് അക്ഷരങ്ങൾ കൂടുതൽ പരിചയപ്പെടാൻ ഇത് സഹായിക്കും. Syama teacher കുട്ടികൾക്ക് നല്ല രീതിയിൽ care നൽകുന്നുണ്ട്. എല്ലാ കുട്ടികൾക്കും ഒരുപോലെ പരിഗണന നൽകി, എല്ലാവർക്കും അവസരങ്ങൾ നൽകി നന്നായി ക്ലാസ്സ് മുന്നോട്ട് പോകുന്നു. ടീച്ചറിൻ്റെ പോസിറ്റീവ് അപ്രോച്ച് എൻ്റെ മകൻ്റെ mind ഹാപ്പി ആക്കുന്നു. fourth std വരെ ഒന്നിൽ ഇരിക്കണം എന്ന് അവൻ പറഞ്ഞു. അമ്മ എന്ന നിലയിൽ സ്കൂളിൽ നടക്കുന്ന പരിപാടിക്ക് പിന്നിൽ മാറി നിന്നാൽ ടീച്ചർ മുൻപിൽ ഞങ്ങളെ എത്തിക്കും. Syama teacher is a best friend for each student and parents according to my opinion. As a mother am so happy and proud about my son's school life especially 1St std..

3. മോൾ തനിയെ വായിക്കാൻ തുടങ്ങി

ദുർഗയുടെ അമ്മ:. ടീച്ചറിന്റെ ക്ലാസ്സ്‌ കൊണ്ട് മോളുടെ പഠനത്തിൽ നല്ല മാറ്റം ഉണ്ട്. കൂടാതെ എല്ലാ ആഴ്ച യിലും ഓരോ കഥബുക്ക്‌ വീതം ടീച്ചർ കൊടുത്തു വിടും. അതിപ്പോൾ മോൾ തനിയെ വായിക്കാൻ തുടങ്ങി, കട്ടിയുള്ള വാക്കുകളെ ഞാൻ പറഞ്ഞു കൊടുക്കേണ്ടി വരുന്നുള്ളു. പിന്നെ സംയുക്ത ഡയറി എഴുതുന്നത് കുട്ടികളിൽ വലിയൊരു മാറ്റം വരുത്താൻ സഹായിച്ചിട്ടുണ്ട്, എന്റെ മകളുടെ കാര്യത്തിൽ ആണെങ്കിൽ കൂടുതൽ മാറ്റം ആണ് ഉണ്ടായത്, ആദ്യമൊക്കെ മോൾ സ്കൂളിൽ നടന്ന കാര്യങ്ങൾ പറയുമ്പോൾ ഞാൻ അത് നല്ലൊരു വാക്കുകളായി ഡയറി യിൽ എഴുതത്തക്ക രീതിയിൽ പറഞ്ഞു കൊടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അവൾ തനിയെ ആണ് ഡയറി എഴുതുന്നത്. അക്ഷരത്തെറ്റ് നല്ല രീതിയിൽ കുറവുണ്ട്

4. കഥപുസ്തകങ്ങളും വായനക്കാർഡുകളും ടീച്ചർ തന്ന് വിടാറുണ്ട്

സുമലത (ദീപക്കിന്റെ അമ്മ): .ഈ അധ്യയന വർഷത്തിൽ ദീപക്കിന് കുറെ മാറ്റങ്ങൾ പഠന കാര്യത്തിൽ വന്നിട്ടുണ്ട്. ദീപക്കിന്റെ ക്ലാസ്സ്‌ ടീച്ചർ ആയ ശ്യാമടീച്ചറിനോട് നന്ദി പറയുന്നു. ടീച്ചർ വളരെ ക്ഷമയോടും ആത്മാർത്ഥതയോടും കൂടി കുട്ടികളെ പഠിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ പഠിപ്പിക്കുന്നത് ദീപക് വീട്ടിൽ വന്ന് വായിക്കാറുണ്ട്. ദിവസവും സംയുക്ത ഡയറി എഴുതണം എന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്. ആദ്യം കുറെ ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും ഇപ്പോൾ വളരെ മാറ്റം വന്നിട്ടുണ്ട്. കുട്ടികൾക്ക് വായിച്ചു കൊടുക്കാനും പിന്നീട് അവരെ കൊണ്ട് വായിപ്പിക്കാനും കഥപുസ്തകങ്ങളും വായനക്കാർഡുകളും ടീച്ചർ തന്ന് വിടാറുണ്ട്. ദീപക്കിന് എഴുതാനും വായിക്കാനും അറിയാത്തത് ടീച്ചർ അടുത്ത് നിർത്തി പറഞ്ഞ് കൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്വന്തമായി മലയാളം വായിക്കാൻ ശ്രമിക്കുന്നുണ്ട്. (കടയിലെ ബോർഡുകൾ, നോട്ടീസ്, ബസിലെ പേരുകൾ) .Extra curicular ആക്ടിവിറ്റികളും ടീച്ചർ ചെയ്യിക്കാറുണ്ട്. ദീപക്കിനെ ഇത്രയും മാറ്റിയെടുത്ത ശ്യാമ ടീച്ചറിനോട് ഒരിക്കൽ കൂടി നന്ദി.

5. സംയുക്ത ഡയറി എഴുതാൻ വളരെ താല്പര്യം

ജിബി സിനു (അബിയ മറിയം സിനുവിന്റെ മാതാവ്): എന്റെ മകൾ ഒന്നാം ക്ലാസ്സിൽ എത്തിയിട്ട് കുറച്ചു മാസങ്ങൾ ആയിട്ടെ ഉള്ളുവെങ്കിലും അവൾ അക്ഷരങ്ങൾ എല്ലാം പഠിച്ചു. വാക്കുകൾ കൂട്ടി വായിക്കാനും എഴുതാനും നന്നായി ശ്രമിക്കുന്നുണ്ട്. കഥപുസ്‌തകങ്ങൾ സ്വന്തമായി വായിക്കാൻ ശ്രമിക്കുന്നുണ്ട്.. അതുപോലെ സംയുക്ത ഡയറി എഴുതാൻ വളരെ താല്പര്യം ആണ്. സ്കൂളിലെ വിശേഷം എല്ലാം ഓരോന്നായി വന്നു പറഞ്ഞു എഴുതാൻ ശ്രമിക്കും. ഇപ്പോൾ ഏതേലും വാക്കോ അക്ഷരമോ എഴുതാൻ അറിയില്ലേൽ ഞാൻ പേന കൊണ്ട് എഴുതാൻ സമ്മതിക്കാതെ പുറകിലെ പേജിൽ നിന്ന് കണ്ടെത്തും. അതുപോലെ തന്നെ അവൾടെ ക്ലാസ്ടീച്ചറിനെ വളരെ ഇഷ്ട്ടാണ്. വൃത്തിയായി എഴുതുന്നതിന് സ്‌റ്റിക്കർ ബുക്കിൽ കൊടുക്കാറുണ്ട്. അത് കൊണ്ട് മലയാളം നോട്ട് ബുക്ക് കണ്ടാൽ ഒന്നാം ക്ലാസിലെ ഞങ്ങൾ പഠിച്ച കാലത്തെ ബുക്ക് പോലെയല്ല. പലതരം പ്രവർത്തനങ്ങളും കഥകളും പറഞ്ഞ്കൊടുക്കുന്നത് കൊണ്ട് സ്കൂളിൽ പോകാൻ വളരെ താല്പര്യം ആണ്.

6. എഴുതാനും വായിക്കാനും പഠിച്ചു

ശ്രീലക്ഷ്മി (നവദേവിന്റെ അമ്മ): കൃത്യമായി വാക്കുകൾക്ക് അകലം പാലിച്ച് എഴുതാൻ പഠിച്ചു. ദിവസവും സംയുക്ത ഡയറി എഴുതിപ്പിക്കുന്നത് കൊണ്ട് സ്‌കൂളിലെ കാര്യങ്ങൾ വീട്ടിൽ വന്ന് പറയുകയും അത് എഴുതാനും താല്‌പര്യം കാണിക്കുന്നുണ്ട്. എഴുതാനും വായിക്കാനും പഠിച്ചു. മോൻ ക്ലാസ്സിൽ പോകാത്ത ദിവസം ടീച്ചർ വിളിച്ചു തിരക്കാറുണ്ട്. അതുകൊണ്ട് തന്നെ ദിവസവും സ്‌കൂളിൽ പോകും. കൃത്യമായി എല്ലാ വിവരങ്ങളും ടീച്ചർ ഗ്രൂപ്പ് വഴി അറിയിക്കാറുണ്ട്.

7. ചെറിയപുസ്തകം വായിക്കാൻ കൊടുക്കുന്നത് തനിയെ വായിക്കാനും തുടങ്ങി

അദിതി. ഡി യുടെ അമ്മ: എൻ്റെ മകൾ ഒന്നാം ക്ലാസിൽ ആയതിനു ശേഷം അവളിൽ നല്ല മാറ്റങ്ങൾ ഉണ്ട്. ഇപ്പോൾ തനിയെ അക്ഷരം കൂട്ടി വായിക്കാനും എഴുതാനും ഒക്കെ തുടങ്ങി. സംയുക്ത ഡയറി എഴുത്തുന്നത്തിലൂടെ ചെറിയ ചെറിയ വാക്കുകൾ തനിയെ എഴുതുന്നുണ്ട്. ചെറിയപുസ്തകം വായിക്കാൻ കൊടുക്കുന്നത് തനിയെ വായിക്കാനും തുടങ്ങി. ശ്യാമടീച്ചറിൻ്റെ ക്ലാസിൽ ആയണക്കെ എൻ്റെ മകൾ പഠിത്തത്തിൽ നല്ല രീതിയിൽ മുന്നോട്ടു വന്നു.

8. കഥപുസ്‌തകം കുറച്ച് കുറച്ച് വായിച്ച് തുടങ്ങി

സൂര്യ. (അഭിലക്ഷ്മിയുടെ അമ്മ): എന്റെ മകൾ അക്ഷരം കൂട്ടിച്ചേർത്തു വായിക്കാൻ തുടങ്ങി. ഡയറി എഴുതി തുടങ്ങി. ബുക്കിൽ എഴുതുന്ന രീതിയിൽ മാറ്റമുണ്ടായി. കഥപുസ്‌തകം കുറച്ച് കുറച്ച് വായിച്ച് തുടങ്ങി.ഇംഗ്ലീഷ് കൊച്ചു സെന്റെൻസ് വായിക്കാൻ തുടങ്ങി. പാട്ടുപാടാനും ഡാൻസ് കളിക്കാനും വലിയ ഇഷ്ട്ടമാണ്

9. സ്ഥിരമായി വരാൻ കഴിഞ്ഞാൽ കുറച്ച് കൂടി മികച്ച രീതിയിൽ മാറാൻ കഴിഞ്ഞേനേ

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അഗ്രിനാഥ് എന്ന കുട്ടിയുടെ അമ്മയാണ്. കുട്ടികളുടെ വൈബിനൊത്ത ഒരു ടീച്ചർ മോൻ്റെ ക്ലാസ്സ് ടീച്ചർ പലപ്പോഴും മോന് പനി വിട്ടു മാറാതെ വരികയും അതിനൊടൊപ്പം ഫിറ്റ്സ് വരാനുള്ള സാധ്യതയുള്ളതു കൊണ്ടു മോന് സ്ഥിരമായി ക്ലാസ്സിൽ വരാൻ കഴിയാറില്ലായിരുന്നു എങ്കിലും മോൻ സ്കൂളിൽ വരുന്ന ദിവസങ്ങളിൽ ടീച്ചർ അടുത്ത് വിളിച്ച് നിർത്തി പറഞ്ഞു കൊടുക്കുകയും. മറ്റു കുട്ടികളുടെ ഒപ്പമെത്തിക്കാൻ ശ്രമിക്കുകയും ചെയ്യും. കഥകൾ പറഞ്ഞും ആംഗ്യപ്പാട്ടിലൂടെയും അവരിലൊരാളായി മാറിയും അക്കളും അക്ഷരളും പടം വരപ്പിച്ചും അവരുടെ പഠനത്തെ ലളിതമാക്കുന്നതുവഴി കുട്ടികൾക്ക് പാഠങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു ഡയറി എഴുതിക്കുന്നത് വഴി അന്ന് കാര്യങ്ങളെ കുറിച്ച് ഒരു വ്യക്ത വരികയും വാക്കുകൾ വേഗത്തിൽ മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. കലാപരമായും ടീച്ചർ കുട്ടികളെ സപ്പോർട്ട് ചെയ്യാറുണ്ട്. പിന്നെ സ്ഥിരമായി ക്ലാസ്സിൽ വരാൻ കഴിയാത്തത് ഒരു കുട്ടിയുടെ അമ്മയെന്ന നിലയിലുള്ള എൻ്റെ വേദനയാണ് ടീച്ചർ മോനെ ക്ലാസ്സിൽ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയാം. എങ്കിലും കുറച്ച് കൂടി ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു. ചില ദിവസങ്ങളിൽ ക്ലാസ്സിൽ വരുമ്പോൾ ചാറ്റാൽ മഴ നനഞ്ഞ് ഓടി വരുന്നത് കണ്ടിട്ടുണ്ട്. ഒരു തണുപ്പ് അടിച്ചാൽ പോലും തുമ്മലും കഫക്കെട്ടുമായി നിരന്തരമായി ആൻ്റി ബയോട്ടിക് കൊടുക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട് പിന്നെ ഫിറ്റ്സ് നിരന്തരമായി വന്നാൽ അത് കുഞ്ഞിന്റെ ബ്രയിനിനെ ബാധിക്കും. മോന് സ്ഥിരമായി ക്ലാസ്സിൽ വരാൻ കഴിഞ്ഞില്ലെങ്കിൽ മോൻ്റെ വിദ്യാഭ്യസത്തെ അത് ബാധിക്കും. പിന്നെ ഡോക്ടർ നിർബന്ധമായും മാസ്ക് വെച്ചു വേണം മോന് സ്കൂളിൽ വിടാൻ എന്ന് പറഞ്ഞിട്ടുണ്ട്. അവൻ ക്ലാസ്സിൽ വരുമ്പോൾ മാസ്ക് ഇല്ലാതെ ഇരിക്കുന്നുതുകാണം ഒന്ന് രണ്ട് ദിവസമായി വെള്ളം തീരെ കുടിക്കാറുമില്ല. ടീച്ചർ എത്ര പറഞ്ഞാലും അവിടെ നിന്ന് മാറുന്ന സമയത്ത് മോൻ ഇതൊന്നും ശ്രദ്ധിക്കില്ല. ടീച്ചർ ഇതൊന്നു പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ മോന് സ്ഥിരമായി ക്ലാസ്സിൽ വരാൻ കഴിയില്ലെന്ന് എനിക്കറിയാം. ഒരു കുട്ടിയെ തന്നെ വീട്ടിൽ ശ്രദ്ധിക്കാൻ നല്ല ബുദ്ധിമുട്ടാണ്. അപ്പോൾ അത്രയും കുട്ടികളെ ശ്രദ്ധിക്കുന്ന ടീച്ചറിൻ്റെ ബുദ്ധിമുട്ട് അറിയാൻ വയ്യാഞ്ഞിട്ടല്ല. വളരെ കുറച്ച് ദിവസം വന്നപ്പോൾ തന്നെ എൻ്റെ മോന് പഠന കാര്യങ്ങളിൽ നല്ല മാറ്റം ഉണ്ട്. സ്ഥിരമായി വരാൻ കഴിഞ്ഞാൽ കുറച്ച് കൂടി മികച്ച രീതിയിൽ മാറാൻ കഴിഞ്ഞേനേ.


(ശ്യാമ. ആർ, ജി.ഡബ്ല്യു.എൽ.പി.എസ്, കുലശേഖരപുരം, കരുനാഗപ്പള്ളി കൊല്ലം 94475 93226)